തിരുവനന്തപുരം: ഇന്നലെ ഡൽഹി എഐസിസി ആസ്ഥാനത്ത് കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം നടക്കുന്ന അതേസമയം തിരുവനന്തപുരത്ത് എത്തിച്ചേർന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഇന്നലെ 11.50ഓടെയാണ് ഡൽഹിയിൽ മുഖ്യമന്ത്രി പ്രഖ്യാപനം നടന്നത്. ഇന്നലെ രാവിലെതന്നെ വി.ഡി. സതീശൻ ആലുവയിലെ വീട്ടിൽനിന്നും തിരുവനന്തപുരത്തേക്കു തിരിച്ചിരുന്നു.
11.50ഓടെ തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്മെന്റ് ഹൗസിൽ എത്തിച്ചേർന്നു. അപ്പോഴായിരുന്നു മുഖ്യമന്ത്രി പ്രഖ്യാപനമുണ്ടായത്. വൻ ജനാവലിയായിരുന്നു അദ്ദേഹത്തെ സ്വീകരിക്കുന്നതിനായി കാത്തുനിന്നിരുന്നത്.
മുഖ്യമന്ത്രി പ്രഖ്യാപനത്തിനു ശേഷം വൈകാതെ അദ്ദേഹം മാധ്യമങ്ങൾക്കു മുന്നിലെത്തി. മാധ്യമപ്രവർത്തകർക്കു പുറമേ പാർട്ടി പ്രവർത്തകരും അണികളും പത്രസമ്മേളനം നടക്കുന്ന ഹാളിൽ ഇടംപിടിച്ചിരുന്നു. ജനങ്ങൾക്കും യുഡിഎഫിനും നന്ദി പറഞ്ഞ വി.ഡി. സതീശൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കും മറുപടി നൽകി. പ്രവർത്തകരെ അഭിവാദ്യം ചെയ്തശേഷം അദ്ദഹം അകത്തെ മുറിയിലേക്കു പോയി.
നിയുക്ത എംഎൽഎമാരായ എം. വിൻസെന്റ്, വി.ടി. ബൽറാം, പ്രഫ. റോണി കെ.ബേബി, ഷാനിമോൾ ഉസ്മാൻ, മുഹമ്മദ് ഷിയാസ് തുടങ്ങിയവർ അദ്ദേഹത്തെ കാണുന്നതിനായി എത്തിയിരുന്നു. പുറത്ത് മുദ്രാവാക്യം വിളികളുമായി പ്രവർത്തകരും തന്പിടിച്ചിരുന്നു.
മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിക്കുന്നമെന്ന പ്രതീക്ഷയിൽ ഇന്നലെ രാവിലെ എട്ടോടെ കോണ്ഗ്രസ് പ്രവർത്തകർ കന്റോണ്മെന്റ് ഹൗസിലേക്ക് എത്തിത്തുടങ്ങിയിരുന്നു. 11.30ഓടെ പ്രവർത്തകരുടെ വലിയ നിര കന്റോണ്മെന്റ് ഹൗസ് പരിസരത്തെത്തി. തുടർന്ന് മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതോടെ മുദ്രാവാക്യം വിളികളും ആർപ്പുവിളികളും ഉയർന്നു.
കണ്ണേ.. കരളേ.. വിഡിഎസേ.. മുദ്രാവാക്യം വിളികൾ കന്റോണ്മെന്റ് പരിസരത്ത് മുഴങ്ങി. പ്രവർത്തകർക്കൊപ്പം സർക്കാർ ജീവനക്കാരുടെ സംഘടനകളുടെ പ്രതിനിധികളും വിദ്യാർഥികളും സതീശന് അനുമോദനം അറിയിക്കുന്നതിന് എത്തിച്ചേർന്നിരുന്നു. ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള മാധ്യമങ്ങളും ഇന്നലെ രാവിലെ തന്നെ കന്റോണ്മെന്റ് ഹൗസിൽ എത്തിച്ചേർന്നിരുന്നു. പ്രാദേശിക കോണ്ഗ്രസ് നേതാക്കളും രാവിലെതന്നെ ഇവിടെ എത്തിച്ചേർന്നിരുന്നു.
ഉച്ചകഴിഞ്ഞ് രണ്ടരയോടെ കന്റോൺമെന്റ് ഹൗസിൽ നിന്നും വി.ഡി. സതീശൻ കെപിസിസി ആസ്ഥാനത്തേക്കു തിരിച്ചു. വൻ സ്വീകരണമാണ് അവിടെ അദ്ദേഹത്തിനു ലഭിച്ചത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, കൊടിക്കുന്നിൽ സുരേഷ് എംപി, ചെറിയാൻ ഫിലിപ്പ്, പി.സി. വിഷ്ണുനാഥ്, രമ്യാ ഹരിദാസ് എന്നിവർ ചേർന്ന് മധുരം നൽകിയും ഷാൾ അണിയിച്ചും സതീശനെ സ്വീകരിച്ചു.